തരള കണ്ഠം ഒരോർമ്മ മാത്രം

Published in

                                                                                                                                                                                          നാഴൂരിപ്പാട്ടുകൊണ്ട് നാടാകെ കല്യാണോത്സാഹം ഉണര്‍ത്തിയ പ്രിയഗായിക 2008 ജുലൈ 27 ന് ആരോരുമറിയാതെ ആരാരും കാണാതെ പാരിന്റെ മാറത്തു വിരിച്ച തൂമെത്തപ്പായ മറികടന്ന് വിഹായസ്സിലേക്ക് മറഞ്ഞു.ഇനി മഞ്ഞിന്റെ തട്ടമിട്ട ചന്ദ്രനും സുറുമയാല്‍ കണ്ണെഴുതിയ താരകളും അവര്‍ക്ക് നിതാന്തകൂട്ടുകാര്‍. പൂമുറ്റത്തു വിരിഞ്ഞ ഈ മുല്ലയ്ക്കു പൂമണമില്ലെന്നു ആരും പറഞ്ഞില്ല, ധാരാളം ദിവ്യഗാനസുഗന്ധം പാട്ടിഷ്ടപ്പെടുന്നവര്ുടെ മേല്‍ വാരിപ്പൂശുകയും ചെയ്തു. ശാന്ത പി. നായര്‍ എത്തേണ്ടതാമിടത്തെത്തി കിന്നരഗായികമാര്‍ക്കൊപ്പം വാസമായി.

            മലയാളസിനിമാഗാനങ്ങളുടെ ദിശാമാറ്റസൂചകങ്ങള്‍ അന്‍പതുകളില്‍ തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ഗാനരചയിതാക്കളും സംഗീതസംവിധായകരും ഇക്കാല‍ത്ത് കൂട്ടത്തോടെ കുടിയേറിയെങ്കിലും ഒട്ടു ഗുരുതരമായ ഒരു സന്നിഗ്ധാവസ്ഥ ഉചിതഭാവവും ഊര്‍ജ്ജവും കൈമുതലായിട്ടുള്ള പാട്ടുകാര്‍ ഇല്ലായിരുന്നു എന്നതാണ്. പി. ലീല ഒഴിച്ചാല്‍ മറുനാട്ടീല്‍ നിന്നും കടം കൊണ്ട, അര്‍പ്പണബോധമില്ലാത്തവരുടെ ശബ്ദങ്ങളില്‍ തൃപ്തിപ്പെടുക മാത്രമായിരുന്നു‍ സിനിമാപ്പാട്ടു കമ്പക്കാര്‍ക്കു നിവൃത്തി. സമ്മോഹനമായ ആലാപനശൈലിയും കമ്മി. ശാസ്ത്രീയസംഗീതത്തില്‍ പ്രാവീണ്യമുള്ള ഗായികമാര്‍ വന്നുപോയെങ്കിലും സിനിമാപ്പാട്ടുകള്‍ നിഷ്‍ക്കര്‍ഷിക്കുന്ന ഭാവവ്യഞ്ജകങ്ങളോ റേഞ്ചോ ഉച്ചാരണശുദ്ധിയോ വിരളമായാണ് ഇവരുടെ കൈമുതലായി കാണപ്പെട്ടത്. കേട്ടുമറന്ന നാടന്‍ ശീലുകളുടെ വിദൂരച്ഛായയുണര്‍ത്താന്‍ സംഗീതസംവിധായകന്‍ ശ്രമിച്ചാല്‍ അതു പകര്‍ന്നെടുക്കാന്‍ ഈ ഗായികമാര്‍ക്ക് തെല്ലും പ്രാവീണ്യവുമില്ലായിരുന്നു. തന്റെ നിഷ്കളങ്കാങ്കിതസ്വരവും സ്ഫുടം ചെയ്ത ആലാപനശൈലിയുമായാണ് തൃശൂരെ പ്രസിദ്ധ അമ്പാടി പൊതുവാള്‍ കുടുംബത്തിലെ ശാന്ത എന്ന വെളുത്തുമെലിഞ്ഞ പെണ്‍കുട്ടി ഇങ്ങനെ ഒഴിഞ്ഞിരുന്ന പീഠത്തില്‍ വന്നിരുന്നത്. പിന്നീട് മീട്ടിയ വീണാനാദവീചികള്‍ നാരായമൂര്‍ച്ചയോടെ മലയാളസിനിമാചരിത്രത്താളകളില്‍ വരഞ്ഞത് സ്വര്‍ണ്ണാക്ഷരങ്ങള്‍.

                 അതിതരളസ്വരവും കറകളഞ്ഞ ശൃതിശുദ്ധിയും തീരെ ആയാസരഹിതമായ ആലാപനവുമാണ് അന്‍പതുകളിലെ സിനിമകളില്‍ അവര്‍ അവിഭാജ്യഘടകമാകാനുള്ള കാരണങ്ങള്‍. ഒരു സിനിമയിലെ മിക്കപാട്ടും ശാന്ത പി നായര്‍ തന്നെ പാടുക എന്ന അപൂര്‍വ്വവിശേഷം മലയാളസിനിമായുടെ വളര്‍ച്ചാകാലഘട്ടത്തില്‍ വന്നുചേര്‍ന്നത് പാട്ടിന്റെ സൂക്ഷ്മമായ അനുഭവഭേദ്യതയ്ക്കും കാര്യമാത്രപ്രസക്തമായ ലക്ഷണയുക്തിയ്ക്കും ബലമേറ്റുകയായിരുന്നു. ഇത്രയും ശക്തമായ സാനിധ്യം ഒരു ഗായികയ്ക്കും അനുവദിച്ചു കൊടുക്കപ്പെട്ടിട്ടില്ല,പില്‍ക്കാലത്തും.‘തിരമാല’യില്‍ അഞ്ചു പാട്ട് (രണ്ട് ഡ്യൂയെറ്റ് ഉള്‍പ്പടെ) ‘കൂടപ്പിറപ്പി‘ല്‍ അഞ്ചുപാട്ട്, ‘അനിയത്തി‘യില്‍ മൂന്നു പാട്ട്,ചതുരംഗം’ത്തില്‍ നാലുപാട്ട്, ‘മുടിയനായ പുത്രന്‍‘- ഇല്‍ നാല്, ‘ലൈല മജ്നു‘- വില്‍ നാല് ഇങ്ങനെ എല്ലാ സംവിധായകരുടേയും ആദ്യനിഷ്കര്‍ഷ ഇവരുടെ സ്വരസൌഭഗത്തില്‍ ത്തന്നെ സ്വന്തം കൊമ്പൊസിഷന്‍സ് പ്രകാശിപ്പിക്കുക എന്നതായിരുന്നു.’തുമ്പീ തുമ്പീ വാ വാ’ ,നാഴൂരിപ്പാലുകൊണ്ട്“, “പൂമുറ്റത്തൊരു മുല്ല വിരിഞ്ഞു“ ഒക്കെ ഹിറ്റായിതിന്റെ പുറകില്‍ ഇവരുടെ നിഷ്കളങ്കത കലര്‍ന്ന നിഷ്പത്തികളും നാടന്‍ശീലുകളുടെ സന്നിവേശം എന്നു തോന്നിപ്പിക്കാനുള്ള കൌശലവും അനായാസതദ്യോതകമായ നാദവിക്ഷേപങ്ങളുമാണ്. ഒരു പാട്ടിന്റെ ആസ്വാദ്യതയ്ക്കും കേള്‍വിക്കാരുടെ ഉള്‍‍ച്ചേരലിനും സംഗീതവിദഗ്ദ്ധര്‍ കല്‍പ്പിക്കുന്ന അനുപാതം രാഗത്തിനു 33, താളത്തിനു 33,പക്ഷെ ഭാവത്തിനു 34 എന്ന നിരക്കാണ്. പാട്ട് ആസ്വദിക്കാന്‍ രാഗമോ താളമൊ അറിഞ്ഞിരിക്കേണ്ട ആവശ്യമില്ല, അതില്‍ തെറ്റുകളുണ്ടെങ്കില്‍ അതും മനസ്സിലായെന്നു വരികില്ല.പക്ഷെ ഭാവത്തില്‍ കുറവോ പിഴയോ പറ്റിയാല്‍ പാട്ട് സ്വീകരിക്കപ്പെടുകയില്ല.എളുപ്പം കണ്ടുപിടിയ്ക്കപ്പെടും. ഇങ്ങനെ ഭാവമണയ്ക്കുന്നതില്‍ 33ഉം 34ഉം തമ്മിലുള്ള വ്യത്യാസം നിലനിര്‍ത്തിയവരാണ് ശ്രീമതി ശാന്ത. ഉചിതമായ ഭാവോന്മീലനത്തിനുള്ള പാടവം അവരെ സര്‍വ്വസമ്മതയാക്കി.‍ ‘തുമ്പീ തുമ്പീ വാ വാ‘ യിലെ “കരളുപുകഞ്ഞിട്ടമ്മ കവിളില്‍ നല്‍കിയൊരുമ്മ കരിവാളിച്ചൊരു മറുകുണ്ടായൊരു കാരിയമച്ഛനറിഞ്ഞോ‘ എന്ന വയലാര്‍ വരികള്‍ ഉള്ളില്‍ കനല്‍നീറ്റലാകുന്നത് ഇതേ കാരണത്താലാണ്.പി. ഭാസ്കര്ന്റെ ശാലീനതയാര്‍ന്നതും അക്ലിഷ്ടവുമായ ഗാനങ്ങളുടെ പ്രചാരവും പ്രസിദ്ധിയും അതേ ഗുണങ്ങള്‍ പാട്ടില്‍ കലര്‍ത്തിയെടുത്ത ശാന്തയുടെ ശബ്ദമാധുര്യബലത്താലായിരുന്നു എന്നത് ആ ഗാനരചയ്താവിന്റെ പ്രശസ്തിക്കും വഴിവച്ചിട്ടുണ്ട്.

               മലയാളത്തില്‍ ആദ്യമായി ലളിതഗാനങ്ങള്‍ പ്രചാരത്തിലായത് ശാന്ത പി നായര്‍ ആകാശവാണിയില്‍ പാടിയപ്പോഴാണ്. വെറും ഗാനങ്ങളെ ഭാവഗീതങ്ങളാക്കാനുള്ള സവിശേഷശക്തി ഇങ്ങനെ സ്വായത്തമാക്കിയതാണ് സിനിമാഗാനാലാപനത്തില്‍ പ്രയോഗിച്ചത്. കൂടാതെ സ്വതവേ ഉള്ള സ്നിഗ്ദ്ധസ്വരം ഓരൊ ഗാനത്തേയും തെളിനീരുറവയുടെ നൈര്‍മ്മല്യവും മാധുര്യവുമുള്ളതാക്കി. കൂടപ്പിറപ്പിലെ “എന്തിനു പൊന്‍ കനികള്‍ കിനാവിന്‍ മുന്തിരി‍ വള്ളികളില്‍’ നുനുത്ത സ്വരത്തില്‍ സിദ്ധി കൊണ്ട് മിനുസമാക്കിയ നാദവെളിപാടില്‍ അനന്യസുന്ദരമായത് ഇതുകൊണ്ടാണ്. ചങ്ങമ്പുഴയുടെ രമണിലിലെ പ്രസിദ്ധ ഭാഗം “എകാന്ത കാമുകാ നിന്റെ മനോരഥം ലോകാപവാദത്തിന്‍ കേന്ദ്രമായി” (ചിത്രം-രമണന്‍) ശോക നിരാശാ ഭാവത്തിന്റെ പൂര്‍ത്തീകരണമാണ്. ശാസ്ത്രീയസംഗീതത്തിലെ പരിചയവും സിദ്ധിയുമായിരിക്കണം നാടന്‍ശീലുകള്‍‍ നിറഞ്ഞ നീലക്കുയിലിലെ വ്യത്യസ്തമായ, ബിലഹരി രാഗത്തില്‍ ചിട്ടപ്പെടുത്തിയ “ഉണരുണരൂ ഉണ്ണിക്കണ്ണാ ശ്രീധരാ..’ പാടാന്‍ രാഘവന്‍ മാസ്റ്റര്‍ ശാന്തയെത്തെന്നെ ക്ഷണിക്കാന്‍ കാരണമായത്. ഈ പാട്ടിലെ “നളിനവിലോചന വാങ്ങുക നീയെന്‍ തരളഹൃയ നവനീതം” ഉയര്‍ന്നസ്ഥായിയില്‍ എടുക്കുമ്പോള്‍ ആധുനിക പാട്ടുകാരുടേതു പോലെ കര്‍ണ്ണപുടം കീറുന്ന നിലവിളി പോലാകുന്നില്ല. ക്രിസ്തീയ ഭക്തിഗാനങ്ങളും ഇവരുടെ കളകണ്ഠബഹിര്‍ഗ്ഗമനം കാത്തു കിടന്നു. മുടിയനായ പുത്രനിലെ “എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി“ (ബാബുരാജ്) വാച്യാര്‍ത്ഥത്തില്‍ ഇവരുടെ പാടിന്റെ വിശേഷണവിസ്മയം തന്നെ. പ്രേമഗാനമോ പ്രാര്‍ത്ഥനാഗാനമോ ശോകഗാനമോ ഏതെങ്കിലും ആയിക്കൊള്ളട്ടെ സ്നിഗ്ധസ്വരം ഒരിക്കലും കൈവിട്ടുപോയിരുന്നില്ല. ഉയര്‍ന്നസ്ഥായിയിലെ ആലാപനം ഒരിക്കലും കൃത്രിമം ആണെന്നും തോന്നുകയില്ല. പാട്ടിനെ ലാവണ്യമധുരിമയിലും തരളഭാവദീപ്തിയിലും മുക്കി പൊന്‍ശോഭയണിയിച്ച് ആ വെളിച്ചത്തില്‍ പിന്നാലെ വരുവാനുള്ള വഴി എസ്. ജാനകിയ്ക്കും പി. സുശീലയ്ക്കുമൊക്കെ തെളിച്ചു കൊടുത്തതാണ് ശാന്ത പി. നായരുടെ ചരിത്ര നിയോഗം. ആലാപനത്തിലെ വള്ളുവനാടന്‍ ‘ചുവ’ മലയാളിത്തത്തിന്റെ പ്രസര‍ണം തന്നെ. മലയാളികളല്ലാത്ത ഗായികമാര്‍ ഉച്ചാരണസ്ഫുടത കൈവരിച്ചു എന്നുവരികിലും കെ. സുലോചനയ്ക്കോ ശാന്ത പി. നായര്‍ക്കോ ഉണ്ടായിരുന്ന സ്വാഭാവികത നഷ്ടപ്പെടുത്തി ഒരു generic ഉച്ചാരണശൈലി വന്നുചേരുകയാണ് പില്‍ക്കാലത്തുണ്ടായത്. ‘ഞാന്‍ നട്ട തൂമുല്ല നന്മയുടെ പൂമുല്ല (പാടാത്ത പൈങ്കിളി), ‘ഒരുകുലപ്പൂ വിരിഞ്ഞാല്‍ (ലൈല മജ്നു), ‘പൂവേ നല്ല പൂവേ (പാലാട്ടു കോമന്‍) ഒക്കെ മലയാളിത്തത്തിന്റെ താരള്യമധുരിമ തന്നെ കാതിലിറ്റിയ്ക്കുന്നു.
              പഴയതിനോടുള്ള അനാവശ്യ ഭക്തി കാരണമാകുന്നില്ല മലയാളി മറന്നുകളഞ്ഞ ചില പാട്ടുകളുടെ നാദകാന്തിയേയും ആകര്‍ഷണീയതയേയും അംഗീകരിക്കാന്‍. മുടിയനായ പുത്രന്‍ (ബാബുരാജ്-പി. ഭാസ്കരന്‍) ലെ “തേങ്ങിടല്ലെ തേങ്ങിടല്ലെ തേന്‍ കുയിലേ” ശോകത്തിന്റെ വെള്ളാരം ചില്ലുകള്‍ പൊട്ടിയൊഴുകിയ കണ്ണുനീര്‍ത്തുള്ളികള്‍ നാദങ്ങളായ് വന്നതു തന്നെ.ബാബുരാജിന്റെ വിസ്മയപ്രതിഭ ഊര്‍ജ്ജസ്വലമായതിന്റെ പാടുകള്‍‍ തിണര്‍ക്കുന്ന ഈ ഗാനം ഭാവതീവ്രതയും ശാന്തയുടെ ആലാപനവൈശിഷ്ട്യവും എങ്ങനെ ഒത്തിണങ്ങുന്നു എന്നതിന്റെ പാഠങ്ങള്‍ തുറക്കുന്നു.പഴയ ഗാനങ്ങള്‍‍ പൊടിതട്ടി ഗസല്‍ രൂപത്തില്‍ ആലപിയ്ക്കുന്ന പ്രവണത തെളിയുന്ന ഇക്കാലത്ത് ഈ ഗാനം അത്തരത്തില്‍ പ്രത്യക്ഷീകരിക്കാനുള്ള സംഭാവ്യത ഏറെയാണ്. ബാബുരാജ് മുന്‍പോട്ട് നീട്ടിയെറിഞ്ഞ വീചികള്‍. ഇതേ സിനിമയിലെ “എത്ര മനോഹരമാണവിടത്തെ ഗാനാലാപന ശൈലി” ശങ്കരക്കുറുപ്പിന്റെ കവിത മധുരസൌമ്യദീപ്തമായ ഗാനമായി മാറിയതാണ്.അതിഭാവുകത്വമില്ലാതെ, ഹമീര്‍കല്യാണിയുടെ അതിമന്ദ്ര അലയൊലി ആവാഹിച്ച് ശാന്തയുടെ മോഹിപ്പിക്കുന്ന ശബ്ദം ധാരാവഹിയാകുകയാണിവിടെ. വിദൂരതയിലെന്നപോലെ കേള്‍ക്കുന്ന ഓടക്കുഴല്‍ നാദം, അപ്പോഴപ്പോള്‍ വീണുടയുന്ന സിതാര്‍ക്കിലുക്കങ്ങള്‍, പിയാനോയുടേതെന്ന്പോലെ മുഴക്കങ്ങള്‍‍ ഇങ്ങനെ ഓര്‍ക്കെസ്ട്രേഷന്‍ അഗാധതാസൂചമാകുന്ന ഈ പാട്ടില്‍ അവരുടെ നാദക്കുളിര്‍മ്മ ഉറഞ്ഞുകൂടുന്നു.
  
           ശാന്തയുടെ യുഗ്മഗാനങ്ങളും ഏറെ പ്രശസ്തിയാര്‍ജ്ജിച്ചവ തന്നെ. കെ. എസ്. ജോര്‍ജ്ജിനോടൊപ്പം പാടിയ ‘വാസന്തരാവിന്റെ വാതില്‍ തുറന്നു വരും വാടാമലര്‍ക്കിളിയേ’(ദേവരാജന്‍-ചതുരംഗം) അന്നത്തെ ഹിറ്റു പാട്ടു തന്നെ. ‘അങ്ങാടീല്‍ തോറ്റു മടങ്ങിയ മുറിമീശക്കാരാ’ (കൂടപ്പിറപ്പ്) എ. എം. രാജയുമൊപ്പം. ‘മധുമാസമായല്ലൊ മലര്‍വാടിയില്‍’(പാടാത്ത പൈങ്കിളി) യും ‘സംഗീതമേ ജീവിതം‘ (ജയില്‍പ്പുള്ളി)ഉം കമുകറയോടൊപ്പം പാടിയ ഹിറ്റുകള്‍. മെഹബൂബിനോടൊപ്പം പാടിയവയില്‍ ‘പറയുന്നെല്ലാരും’ പോപ്പുലര്‍ ആയി.‘കന്യാമറിയമേ തായേ കുമരേശനോടൊപ്പവും. അബ്ദുള്‍ഖാദറിനോടൊപ്പം തിരമാലയില്‍ പാടിയ ‘പ്രണയത്തിന്‍ കോവിലില്‘‍ എന്ന പാട്ടിലെ ‘പൂജയ്ക്കു വരുമോ പൂജാരീ പൂമാല തരുമോ പൂക്കാരീ.... ‘ അക്കാലത്ത് ഒന്നു മൂളാത്തവരില്ല.‍ മറ്റു ഗായികമാരോടൊത്തുള്ള യുഗ്മഗാനങ്ങളും പാടിപ്പതിഞ്ഞിട്ടുണ്ട്. പി. ലീലയോടൊപ്പം‘അപ്പം വേണം അട വേണം’ 'ഇതാണു ഭാരത ജനനി', പൂവേ നല്ല പൂവേ.....’ അവസാനം ‘മുറപ്പെണ്ണി‘ല്‍ 'കടവത്തു തോണിയടുത്തപ്പോള്‍ പെണ്ണിന്റെ‘ എസ്. ജാനകിയോടൊപ്പം.
         സൌമനസ്യവും സമബോധവും നിറഞ്ഞൊഴികിയിരുന്നു ആ മനസ്സില്‍ നിന്നു. വര്‍ഷം 1962. ‘കാല്‍പ്പാടുകള്‍‘ റെക്കോറ്ഡിങ് സമയം. എം. ബി ശ്രീനിവാസന്‍ ഒരു പുതിയ പയ്യനെ പാട്ടുപാടിയ്ക്കാന്‍ കൊണ്ടു വന്നിരിക്കുന്നു. ഒരു ശ്ലോകം ഈ ചെറുപ്പക്കാരന്‍ പാടിക്കഴിഞ്ഞു. ഇനി ഒരു ഡ്യൂവറ്റ് ആണ്, പെണ്ണിനെ കളിയാക്കുന്ന കോമഡിപ്പാട്ട്. റെക്കോറ്ഡിങ്ങിനു ഗായകനും ഗായികയും ഒരുമിച്ചു നിന്നു പാടുകയും വേണം അക്കാലത്ത്. പ്രശസ്ത ഗായികമാര്‍ക്ക് ഈ പുതുമുഖത്തോടൊപ്പം പാടാന്‍ മടി. എ. എം രാജയും കമുകറയും കത്തി നില്‍ക്കുന്ന കാലം. നിരാസം പരിചയിച്ചുകഴിഞ്ഞിരുന്ന ചെറുപ്പക്കാരന്‍ പടികളീറങ്ങാന്‍ ശ്രമിക്കവേ ഇത പിറകില്‍ നിന്നൊരു വിളി. ശാന്ത പി. നായര്‍ ക്ക് കൂടെപ്പാടാന്‍ സമ്മതമാണത്രെ! യേശുദാസന്‍ എന്ന ഈ പുതുപ്പാട്ടുകാരന്‍ അങ്ങനെ ആദ്യത്തെ പാട്ട് ഇവരോടൊപ്പം റെക്കോറ്ഡ് ചെയ്തു. അന്നത്തെ ഹിറ്റ് ഗായികയുടെ അനുഭാവത്തോടെ.‘അറ്റെന്‍ഷന്‍ പെണ്ണേ അറ്റെന്‍ഷന്‍‘ എന്ന പാട്ട് ഇദ്ദേഹത്തിന്റെ ആദ്യ മുഴുനീളപ്പാട്ടാണ്. അവസാനത്തെ ചരണം മാത്രം ശാന്തയും. “പട്ടാളക്കാ‍രനാം നിന്റെ മാരന്‍ പട്ടുപോലുള്ള സ്വഭാവക്കാരന്‍” എന്ന അനുപല്ലവി മലയാളികള്‍ പാടി നടന്നത് അതിലെ തമാശ കൊണ്ടൊന്നു മാത്രമായിരുന്നില്ല. ഈ പയ്യന് പിന്നെ പാട്ടു നിറുത്തേണ്ടി വന്നില്ല, കൂടെപ്പാടാന്‍ അവസരം കിട്ടുന്ന ഗായികമാര്‍ അത് അതിഭാഗ്യമെന്നഉം പുണ്യമെന്നും ഇന്നും കരുതുന്നു. എന്തും വിട്ടുകൊടുക്കുന്ന പ്രകൃതവും ഒതുങ്ങിയ സ്വഭാവരീതികളും ശാന്ത പി. നായരെ മത്സരങ്ങളിലേക്കു പായിക്കാതെ കാത്തു.‍ ആരോടും പൊരുതനില്ലാഞ്ഞതുകൊണ്ടു തോല്‍വിയും അവ്ര്ക്ക് വന്നു പെട്ടില്ല. അറുപതുകളുടെ പകുതിയോടെ വെള്ളിത്തിരയില്‍ ഗായകരുടെ ലിസ്റ്റില്‍ അവരുടെ പേര്‍ കാണാതായി. എങ്കിലും ചെമ്മീനിലെ ‘കാണാപ്പൂ മീനിനു പോകണ തോണിക്കാരാ’ യില്‍ ഒരു കോറസ്സു പാട്ടുകാരിയായി ചേരാന്‍ ഇവര്‍ക്ക് യാതൊരു വിസമ്മതുമുണ്ടായില്ല. അതിലെ ഒന്നു രണ്ടു വരികള്‍‍ മാത്രമാണ് ഇവരുടേത്.-‘നാടോടിപ്പാട്ടുകള്‍‍ പാടണ വാനമ്പാടീ...‘ പുറമേയുള്ള സൌന്ദര്യം അകമേയും സൂക്ഷിച്ചിരുന്ന ചുരുക്കം സെലിബ്രിറ്റികളില്‍ ഒരാളായിരുന്നു ശാന്ത പി. നായര്‍.
            സ്വരം നന്നായിരുന്നപ്പോള്‍ പാട്ടുനിറുത്തിക്കളഞ്ഞെങ്കിലും അത് പാട്ടുലോകത്തിനു വലിയ നഷ്ടമാണ് വരുത്തിവച്ചത്. നൂറോളം പാട്ടുകള്‍‍ (മാത്രം!)പാടി, 35-36 വയസ്സില്‍ അരങ്ങൊഴിഞ്ഞപ്പോള്‍ ഒരു സവിശേഷ സംഗീതധിഷണാവഴിയാണ് അടഞ്ഞത്. ഇല്ലാതായത് പാട്ടുകളുടെ എണ്ണപ്പെരുക്കങ്ങളില്‍ക്കൂടിയല്ലാതെ വളര്‍ത്തിയെടുത്ത പാരമ്പര്യം.അവസാന റെക്കോറ്ഡിങ്ങിനു ശേഷം നാല്‍പ്പതിപ്പരം വര്‍ഷങ്ങളാണ് സംഗീതലോകത്തിനു പുറത്ത് നിന്നുകളഞ്ഞത്. സ്വകാര്യജീവിതത്തില്‍ താനറിയാതെ വന്നുകയറിയ ദുരന്തങ്ങള്‍ ആയിരിക്കണം നേടിയെടുത്ത സിംഹാസനം മറ്റു ഗായികമാര്‍ക്ക് നീക്കിയിട്ടുകൊടുക്കാന്‍ നിമിത്തം. കൂടാതെ സിനിമാമേഖലയില്‍ ഉള്ള യാഥാസ്ഥികവിശ്വാസങ്ങളും ഇവരെ അകറ്റി നിറുത്താന്‍ കാരണമായി.“ഉണരുണരൂ ഉണ്ണിക്കണ്ണാ’ പാടിയെടുത്ത പ്രശസ്തി മകള്‍ ലത മറ്റൊരു ഉണ്ണീകൃഷ്ണകീര്ത്തന‍ത്തില്‍ക്കൂടി (“കണ്ണിനും കണ്ണായ കണ്ണാ”- ചിത്രം:പ്രിയ, ബാബുരാജ്-യൂസഫലി കേച്ചേരി) നിലനിര്‍ത്തിയെന്നപോലത്ത ചെറിയ സന്തോഷങ്ങളില്‍ പരാതിക്കാരിയുടെ ഭാവങ്ങളില്ലാതെ ഈ ഏകാന്തപഥിക ശിഷ്ടജീവിതം സിനിമാശോഭയുടെ കണ്‍ വെട്ടത്തില്‍ പെടാതെ നീട്ടിയെടുക്കുകയായിരുന്നു. വയലാറിന്റെ ഗാനം സിനിമയില്‍ ആദ്യം പ്രകാശിതമാക്കിയതും ഏഴുരാത്രികളില്‍ “മക്കത്തുപോയ് വരും മാനത്തെ ഹാജിയാര്‍..’ സ്വയം കമ്പോസ് ചെയ്ത് സലില്‍ ചൌധരിയുടെ സ്വീകാര്യത വാങ്ങിയെടുക്കലും ഈ ഗായികയുടെ സംഗീതമേ ജീവിതം ശ്രുതി മധുര സംഗീതമേ ജീവിതം എന്ന സോദ്ദേശത്തിന്റെ അടയാളങ്ങള്‍. ശ്രീകുമാരന്‍ തമ്പിയുടെ സംഗീതചരിത്ര ടി. വി പരമ്പരയായ ‘സംഗീതയാത്രകള്‍‘-ഇല്‍ മറ്റുള്ളവര്‍ക്കു നല്‍കാത്ത പ്രാധാന്യം ഇവര്‍ക്കു നല്‍കിയിരുന്നു എന്ന് അദ്ദേഹം അനുസ്മരിക്കുന്നു. “എല്ലാവരും എന്നെ മറന്നപ്പോള്‍ അനിയന്‍ മാത്രമേ ഓര്‍ത്തുള്ളൂ‘ എന്ന ചെറിയ വിമ്മിഷ്ടത്തില്‍ ‍മഹത്ഗായിക സ്വന്തം സ്ഥാനാന്തരണം ഒതുക്കിയെടുത്തു.
‘തേങ്ങിടല്ലെ തേങ്ങിടല്ലെ തേന്‍ കുയിലെ” പാടിയ ഗായിക‍ നെടുനാളാണ് സ്വന്തം കൂട്ടില്‍ താനേ തേങ്ങിയുറങ്ങിയത്. ചില ചെറിയ തേങ്ങലുകള്‍ ഇവിടെ വിട്ടും വച്ച് പറന്നും കഴിഞ്ഞു.
“എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി....
നിഭൃതം ഞാനതു കേള്‍പ്പൂ സതതം നിതാന്ത വിസ്മയ ശൈലി
.......
അലതല്ലീടുകയാണധിഗഗനം വായുവിലീ സ്വരചലനം
അലിയിക്കുന്നൂ സിരകളെ ഈ സ്വരഗംഗാസരഭസഗമനം
 
 
പാടണമെന്നുണ്ടീരാഗത്തില്‍ പക്ഷേ സ്വരമില്ലല്ലൊ
പറയണമെന്നുണ്ടെന്നാലതിനൊരു പദം വരു‍ന്നീലല്ലൊ
പ്രാണനുറക്കെ കേണീടുന്നു പ്രഭോ, പരാജിത നിലയില്‍
നിബദ്ധമിഹ ഞാന്‍ നിന്‍ ഗാനത്തിന്‍ നിരന്തമാകിയ വലയില്‍
....
എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി......”

Comment viewing options

Select your preferred way to display the comments and click "Save settings" to activate your changes.

 കതിരവൻ.... ഇതു

 കതിരവൻ.... ഇതു ചരിത്രത്തിന്റെ ഒരു ഭാഗം ആണെന്നു കൂടി ഓർമ്മ്മിപ്പിക്കട്ടെ. .. മലയാള ചലച്ചിത്ര ഗാനാങ്ങളുടെ വളർച്ച ആരുടെ ഒക്കെ സ്വരങ്ങളിൽ കൂടി ആയിരുന്നു എന്നു ഒരു പക്ഷെ ഇന്നത്തെ തലമുറക്കു  ചൊല്ലി  കൊടുക്കുന്ന പാഠങ്ങൾ.. അഭിനന്ദനം...

ശാന്താ പി നായർ

ഇത്രേം മനോഹരമായി എഴുതിയിരിക്കുന്ന ഈ ആർട്ടിക്കിൾ ശാന്താ പി നായരെ പറ്റിയുള്ള വിവരണമായി ചേർക്കാമായിരുന്നല്ലോ.എതിരൻ മാഷ് അതു ചെയ്യുമെന്ന് കരുതുന്നു

ജിജാ സുബ്രഹ്മണ്യൻ

Post new comment

The content of this field is kept private and will not be shown publicly.

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters shown in the image.